Wednesday 26 March 2014

കോണ്‍ഗ്രസ് പ്രകടന പത്രിക പുരോഗമനപരം: മുഖ്യമന്ത്രി

രാജ്യം കണ്ട ഏറ്റവും പുരോഗമനപരമായ പ്രകടനപത്രികയാണ് കോണ്‍ഗ്രസ് ഇത്തവണ പുറത്തിറക്കിയിരിക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പതിനഞ്ചിന നിര്‍ദ്ദേശങ്ങള്‍ രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ആരോഗ്യത്തിനുള്ള അവകാശം, പെന്‍ഷന്‍ അവകാശം, പാര്‍പ്പിടാവകാശം, സാമൂഹിക സുരക്ഷാ അവകാശം, മാനുഷിക പരിഗണനകിട്ടി ജോലി ചെയ്യാനുള്ള സാഹചര്യത്തിനുള്ള അവകാശം, സംരംഭകാവകാശം എന്നിവ ജനങ്ങള്‍ കാത്തിരിക്കുന്നവയാണ്. ലോകനിലവാരത്തിലുള്ള ചികിത്സാസൗകര്യം ഇപ്പോള്‍ രാജ്യത്തിന്റെ പല ഭാഗത്തും ലഭ്യമാണെങ്കിലും അതു പാവപ്പെട്ടവര്‍ക്കു ലഭ്യമല്ല. ഏറ്റവും നല്ല ചികിത്സാ സൗകര്യം എല്ലാവര്‍ക്കും ലഭ്യമാക്കുവാനുള്ള അവസരമാണ് ആരോഗ്യം അവകാശമാകുന്നതിലൂടെ ലഭിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ മൂന്നുശതമാനം ആരോഗ്യമേഖലയ്ക്കു മാറ്റി വയ്ക്കുമെന്നാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജലസേചനം, കോള്‍ഡ് സ്റ്റോറേജ്, വെയര്‍ഹൗസിംഗ് തുടങ്ങിയ മേഖലകളില്‍ നടത്തുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന വലിയ തോതിലുള്ള നിക്ഷേപം കാര്‍ഷികോല്പാദനരംഗത്തും കാര്‍ഷിക വ്യവസായരംഗത്തും ലോകത്തിലെ മുന്‍നിര രാഷ്ട്രമായി ഇന്ത്യയെ മാറ്റുവാനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ മുഴുവന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒന്നര വര്‍ഷത്തിനുള്ളില്‍ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി എത്തിക്കുമെന്ന വാഗ്ദാനം രാജ്യത്ത് വിവരസാങ്കേിത വിപ്ലവത്തിനു വഴിയൊരുക്കുന്നതാണ്. സേവനാവകാശ നിയമം നടപ്പാക്കുന്നത് വലിയ മാറ്റമായിരിക്കും. ന്യൂനപക്ഷ സംരക്ഷണം, പിന്നാക്ക വിഭാഗങ്ങളുടെ സംരക്ഷണം, സ്ത്രീകളുടെ സുരക്ഷിതത്വവും സംരക്ഷണവും, കുട്ടികളുടെ സംരക്ഷണം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, അഴിമതിക്കെതിരേയുള്ള നിയമനിര്‍മാണം തുടങ്ങിയവയും രാജ്യം കാത്തിരിക്കുന്നവയാണെന്നു മുഖ്യമന്ത്രി അറിയിച്ചു.

No comments:

Post a Comment