Tuesday 18 March 2014

ആശയസമരം വിട്ട് സി.പി.എം അപവാദയജ്ഞത്തില്‍: സുധീരന്‍

യു ഡി എഫുമായി ആശയപരമായ പോരാട്ടത്തിന് ത്രാണിയില്ലാതെ അപവാദ വ്യവസായത്തില്‍ മുഴുകുകയാണ് സി പി എമ്മെന്ന് കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍. തിരുവനന്തപുരത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരേ സി പി എം നേതാവ് വിജയകുമാര്‍ നടത്തിയ പരാമര്‍ശങ്ങളെ കുറിച്ച് കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സുധീരന്‍.
കൃത്യമായ തെളിവുകളില്ലാതെ, വസ്തുതകളുടെ പിന്‍ബലമില്ലാതെ വ്യക്തിപരമായി ഒരാളെ തേജോവധം ചെയ്യുന്നത് ശരിയല്ല. ഇത്തരം പ്രചരണങ്ങളില്‍ നിന്ന് സി പി എം പിന്തിരിയണം. ഒരു പൗരനെന്ന നിലയില്‍ സി പി എം നേതാക്കളുടെ ഇത്തരം പ്രതികരണങ്ങളില്‍ തനിക്ക് ദു: ഖമുണ്ടെന്ന് സുധീരന്‍ പറഞ്ഞു.
എന്‍ സി പിയില്‍ നിന്ന് യു ഡി എഫിലേക്ക് എം എല്‍ എമാരടക്കം വരാന്‍ തയ്യാറെടുക്കുന്നുവെന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് സുധീരന്‍ പറഞ്ഞു. പാര്‍ട്ടിതലത്തിലും മുന്നണിതലത്തിലും ചര്‍ച്ച ചെയ്തു മാത്രമേ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം രൂപപ്പെടുത്തുകയുള്ളൂ. ആര്‍ എസ് പിയുടെ കാര്യത്തില്‍ ഇത്തരം കൂടിയാലോചനകള്‍ നടന്നിരുന്നുവെന്നും സുധീരന്‍ വ്യക്തമാക്കി.
തീപിടിച്ച് മുങ്ങുന്ന കപ്പലായി ബി ജെ പി മുന്നണി മാറിയിരിക്കുകയാണെന്ന് കണ്ണൂര്‍ ലോകസഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ സുധീരന്‍ പറഞ്ഞു. ബി ജെ പിക്കകത്ത് കൊട്ടാരവിപ്ലവമാണ്. ഉന്നതനേതാക്കളുടെ സ്ഥാനാര്‍ത്ഥിത്വം പോലും തീരുമാനമാകാതെ കിടന്നത് മോഡിയുടെ ഏകാധിപത്യമനോഭാവം നിമിത്തമാണ്. മുരളി മനോഹര്‍ ജോഷിയില്‍ നിന്ന് വാരാണസി സീറ്റ് മോഡി പിടിച്ചു വാങ്ങി. അദ്വാനിക്കു പോലും സ്ഥാനാര്‍ത്ഥിത്വത്തിനായി കാത്തുകിടക്കേണ്ടി വന്നു. തെല്ലും മനുഷ്യത്വമില്ലാതെ, മനസാക്ഷിയില്ലാതെ സ്വന്തം പാര്‍ട്ടിയില്‍ പെട്ടവരെ പോലും വെട്ടിനിരത്തുന്നവര്‍ക്ക് ജനങ്ങളോടെങ്ങനെ നീതി പുലര്‍ത്തനാകുമെന്ന് സുധീരന്‍ ചോദിച്ചു.
മോഡിയേയും സന്തതസഹചാരിയായ അമിത്ഷായെയും പോലെ ഇഷ്ടമില്ലാത്തവരെ ജീവിക്കാന്‍ അനുവദിക്കാത്ത നിലപാടിനെ മാതൃകയാക്കുകയാണ് സി പി എം ചെയ്യുന്നത്. കൊലപാതകരാഷ്ട്രീയത്തിന്റെ വക്താക്കളാണ് രണ്ടു കൂട്ടരും. കേരളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗുജറാത്തിന്റെ വികസനമാതൃക ഒന്നുമല്ലെന്ന് വി എം സുധീരന്‍ പറഞ്ഞു. വികസനകാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി സംവാദത്തിന് മോഡി തയ്യാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. അന്ധമായ കോണ്‍ഗ്രസ് വിരോധത്തില്‍ ഇടതുപക്ഷം ബി ജെ പിക്കനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. പഴകി, തുരുമ്പിച്ച ജനങ്ങള്‍ കുഴിച്ചുമൂടിയ മുദ്രാവാക്യമാണ് സി പി എം ചികഞ്ഞെടുക്കുന്നതെന്നും ഇത് വിലപ്പോവില്ലെന്നും സുധീരന്‍ പറഞ്ഞു.

No comments:

Post a Comment