Wednesday 26 March 2014

നിലപാട് മാറ്റം അച്യുതാനന്ദന്‍റെ വിശ്വാസ്യത നഷ്ടപ്പെടുത്തി: പി.പി.തങ്കച്ചന്‍

വി.എസ് അച്യുതാനന്ദന്റെ മലക്കം മറിച്ചില്‍ ജനമധ്യത്തില്‍ അദ്ദേഹത്തെ അപഹാസ്യനാക്കി മാറ്റിയതായി യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. അദ്ദേഹത്തെ വിശ്വസിച്ചവരെല്ലാം വഴിയാധാരമായി മാറി. പ്രതിപക്ഷനേതൃസ്ഥാനം നിലനിര്‍ത്താനും പി.ബി പ്രവേശനം എളുപ്പമാക്കാനുമാണ് അദ്ദേഹം നിലപാട് മാറ്റിയതെന്നത് വളരെ പരസ്യമായ രഹസ്യമാണ്. സ്വന്തം നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിനിടയില്‍ അച്യതാനന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
പറഞ്ഞതെല്ലം മാറ്റിപറയുകയാണ് വി.എസ്. സോളാര്‍ കേസില്‍ പ്രതിയായ സരിതയെ കുറിച്ച് അദ്ദേഹം പറഞ്ഞതും മാറ്റി. ഒരു സ്ത്രീ പറഞ്ഞത് സര്‍ക്കാര്‍ ഗൗരവമായെടുക്കണമെന്ന് പറഞ്ഞ വി.എസ്, ഇപ്പോള്‍ സരിത കള്ളിയാണെന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ മകന്‍ അരുണിന് എതിരായി സരിത ചിലതു പറഞ്ഞതുകൊണ്ടാണോ അദ്ദേഹം നിലപാട് മാറ്റിയതെന്ന് അറിയില്ല. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തിളക്കമാര്‍ന്ന വിജയം നേടും. തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലായി കാണാം. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിക്ക് ഒരു തരത്തിലും ദു:ഖിക്കേണ്ടി വരില്ല. ഈ സര്‍ക്കാര്‍ അഞ്ച് വര്‍ഷവും തികയ്ക്കുമെന്നും തങ്കച്ചന്‍ പറഞ്ഞു.
യു.പി.എ സര്‍ക്കാറിന്റെയും സംസ്ഥാനസര്‍ക്കാറിന്റെയും നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പ്രചരണമാണ് സംസ്ഥാനത്ത് യു.ഡി.എഫ് നടത്തുന്നത്. ശക്തമായ അടിത്തറയുള്ള യു.ഡി.എഫിനെ നേരിടുന്നത് ഇളകിയാടുന്ന അടിത്തറയുള്ള എല്‍.ഡി.എഫാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം വളരെ നേരത്തെ തന്നെ വിജയകരമായി രീതിയില്‍ പൂര്‍ത്തിയാക്കിയെന്നത് യു.ഡി.എഫിന്റെ നേട്ടമാണ്. രാഷ്ട്രീയത്തിന്റെ കണിക പോലുമില്ലാത്തവരെ എല്‍.ഡി.എഫിന് സ്ഥാനാര്‍ത്ഥികളാക്കേണ്ടി വന്നു. എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും ഏറെ വൈകി. ചില സീറ്റുകള്‍ പേമെന്റ് സീറ്റാണെന്നും പറഞ്ഞു കേള്‍ക്കുന്നു. ഈ തെരഞ്ഞെടുപ്പോടെ മൂന്നാം മുന്നണിക്ക് പ്രസക്തിയില്ലെന്ന് തെളിഞ്ഞു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു,പി.എയും ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയുമായാണ് പ്രധാന പോരാട്ടം നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന ബി.ജെ.പി ഉയര്‍ന്ന ഹിന്ദുരാഷ്ട്രവാദം എന്ന് ആശയത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്നും തങ്കച്ചന്‍ പറഞ്ഞു.
കസ്തൂരിരംഗന്‍ വിഷയത്തില്‍ ഒരു ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യത്തില്‍ ചെയ്യാവുന്നതെല്ലാം സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞു. സി.എം.പിയിലെ വിമതവിഭാഗം തലേ ദിവസം വരെ യു.ഡി.എഫിന് ഒപ്പം നിന്ന ശേഷമാണ് നിലപാട് മാറിയത്. മുന്നണിയില്‍ നിന്നും പോയവര്‍ പോയി. സഹകരിക്കുന്നവര്‍ക്ക് സഹകരിക്കാം. മറ്റു കാര്യങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് ചര്‍ച്ച ചെയ്യും. രണ്ടു ആര്‍.എസ്.പി.യും ലയിക്കാമെന്നാണ് ധാരണ. പ്രേമചന്ദ്രന്‍ ആര്‍.എസ്.പിയുടെ ചിഹ്‌നമായ മണ്‍വെട്ടി മണ്‍കോരിയും ചിഹ്‌നത്തിലാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment