Wednesday 19 March 2014

ലക്ഷ്യം മതേതര ശക്തികളുടെ കൂട്ടായ്മ: രമേശ്‌ ചെന്നിത്തല

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് മതേതര ശക്തികളുടെ കൂട്ടായ്മയാണ്. വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്താനുള്ള കുല്‍സിത ശ്രമങ്ങളാണ് നടത്തുന്നത്. അതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂവെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. ജനാധിപത്യ-മതേതര കൂട്ടായ്മയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ദേശീയതലത്തില്‍ സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നത്. യു.പി.എ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും മതേരത്വം നേരിടുന്ന വെല്ലുവിളികളെ കൂട്ടായി എതിര്‍ക്കാനുമുള്ള പ്രവര്‍ത്തനങ്ങളാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നത്.
വന്‍കിടക്കാര്‍ക്കും കോര്‍പ്പറേറ്റ് ലോബികള്‍ക്കും അവരുടേതായ ഒരു പ്രധാനമന്ത്രിയെ വേണം. നരേന്ദ്രമോഡിയെ ഉയര്‍ത്തിക്കാട്ടുന്നത് അവരാണ്. കോര്‍പ്പറേറ്റ് മാധ്യമങ്ങളും അതില്‍ പങ്കാളികളാകുന്നുണ്ട്. എന്നാല്‍ ജനങ്ങള്‍ വര്‍ഗീയ വെല്ലുവിളി നേരിടാന്‍ തെരഞ്ഞെടുപ്പില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് മതേതര ശക്തികളുടെ കൂട്ടായ്മയ്ക്ക് രൂപം നല്‍കി കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്. ദേശീയതലത്തില്‍ രൂപീകരിക്കപ്പെടുന്ന മതേതര കൂട്ടായ്മ തന്നെ അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിനും ജനങ്ങള്‍ക്കും സംശയമില്ല. അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടുപോവുകയാണ്.
ഗുജറാത്തിലെ വംശീയ കലാപം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത് മതേതരത്വത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. വംശീയകലാപത്തിലൂടെ അധികാരത്തിലേറുകയെന്നതാണ് നരേന്ദ്രമോഡി സിദ്ധാന്തം. ദേശീയതലത്തില്‍ ഈ സിദ്ധാന്തം പരിഗണന അര്‍ഹിക്കുന്നില്ല. എല്ലാവിഭാഗം ജനങ്ങളും സമാധാനപരമായ ജീവിതം ആഗ്രഹിക്കുന്നവരാണ്. അത് നല്‍കാന്‍ കഴിയുന്ന സര്‍ക്കാരായിരിക്കും യു.പി.എയുടെ മൂന്നാം സര്‍ക്കാര്‍. അതുകൊണ്ട് യു.പി.എയ്ക്ക് അനുകൂല വിധിയായിരിക്കും തെരഞ്ഞെടുപ്പില്‍ ഉണ്ടാവുകയെന്നാണ് പ്രതീക്ഷ. ദേശീയതലത്തില്‍ ഇടതുപക്ഷത്തിന്‍റെ പ്രസക്തി നഷ്ടപ്പെട്ടുകഴിഞ്ഞു. അവര്‍ അവസരവാദ നിലപാടുകളുമായി മുന്നോട്ടുപോവുകയാണ്. മൂന്നാം മുന്നണിയുണ്ടാക്കാന്‍ നോക്കിയ ഇടത് ശ്രമം പാളിപ്പോയി. ജയലളിത അടക്കമുള്ളവര്‍ അവരുടെ സഖ്യം തള്ളിക്കളഞ്ഞു. ഫലത്തില്‍ മൂന്നാംമുന്നണി ചാപിളളയായി. ദേശീയതലത്തില്‍ ഇടതുകക്ഷികള്‍ നേരിടുന്നത് വല്ലാത്ത പ്രതിസന്ധിയാണ്. ആരാണ് ശത്രുവെന്ന് തിരിച്ചറിയാന്‍ സി.പി.എമ്മിന് കഴിയുന്നില്ല. സി.പി.എം അവരുടെ തെറ്റായ നയങ്ങള്‍ പുനഃപരിശോധിക്കണം.

No comments:

Post a Comment