Tuesday 25 March 2014

മീനച്ചൂടിന്റെ പാരമ്യത്തിലും തളരാതെ ജനനായകന്‍

കാസര്‍ഗോഡ്:  മീനച്ചൂടിന്റെ പാരമ്യത്തിലും തളരാതെ കേരളത്തിന്റെ ജനനായകന്‍ കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദീഖിന്റെ പ്രചരണത്തിനായി പ്രഭാതം മുതല്‍ പ്രദോഷം വരെ സഞ്ചരിച്ചു. പുലര്‍ച്ചെയെത്തിയ മാവേലി എക്‌സ്പ്രസില്‍ കാസര്‍ഗോടെത്തിയ ഉമ്മന്‍ചാണ്ടി അല്പസമയത്തെ വിശ്രമത്തിനുശേഷം തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിലേക്ക് പോവുകയായിരുന്നു. മുഖ്യമന്ത്രിയെ നേരില്‍കാണാനും അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കാനുമായി വിവിധ സ്വീകരണ കേന്ദ്രങ്ങളിലെത്തിയത് നൂറുകണക്കിന് വോട്ടര്‍മാരാണ്. രാവിലെ 9 മണിയോടെ പൈവളികെയിലെ പ്രചരണ യോഗത്തിലെത്തുമ്പോള്‍ തന്നെ ജനനിബിഢമായിരുന്നു മൈതാനം.
തുടര്‍ന്ന് മധൂര്‍ പഞ്ചായത്തിലെ ഉളിയത്തടുക്കയില്‍ ഉമ്മന്‍ചാണ്ടി എത്തിയപ്പോള്‍ കൂടിനിന്ന ജനങ്ങളുടെ തിരക്കുമൂലം പൊതുയോഗസ്ഥലത്തേക്ക് എത്താന്‍ പോലും കഴിയാത്ത തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിയോടെ ഉദുമയിലെത്തിയ ജനനായകന്റെ പ്രസംഗം കേള്‍ക്കാനെത്തിയത് നാനാജാതിമതസ്ഥരും യുവാക്കളു പുതിയ വോട്ടര്‍മാരും. ഉച്ചഭക്ഷണത്തിനുശേഷം അല്പസമയം വൈകിയാണെങ്കിലും പനത്തടി പഞ്ചായത്തിലെ കോളിച്ചാലിലേക്ക് മുഖ്യമന്ത്രിഎത്തിയപ്പോള്‍ മലയോര ജനതയുടെ ആരവമായിരുന്നു. തങ്ങള്‍ക്ക് അനുവദിച്ച ആനുകൂല്യങ്ങളുടെ പിന്നാമ്പുറവും ഓര്‍മകളും അയവിറക്കുന്ന തരത്തിലുള്ള മുദ്രാവാക്യം വിളികളോടെയാണ് ജനങ്ങള്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചത്. തുടര്‍ന്ന് മലയോര ജനതയുടെ മനസ്സ് കീഴടക്കി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത വെള്ളരിക്കുണ്ട് താലൂക്കിന്റെ വിരിമാറിലൂടെ ചിറ്റാരിക്കാലിലേക്ക് യാത്ര.
ചിറ്റാരിക്കാല്‍ ടൗണിലെത്തുമ്പോഴേക്കും മുഖ്യമന്ത്രിയെ സ്വീകരിക്കാനായി ആബാലവൃദ്ധം ജനങ്ങളും തയ്യാറായിരിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ ജനങ്ങള്‍ പൊതുയോഗസ്ഥലത്ത് തിങ്ങിനിറഞ്ഞു. ചെറുപുഴയിലേക്ക് എത്തുമ്പോഴേക്കും സമയം ഏറെ വൈകിയെങ്കിലും അവിടെയും ജനകീയ സംഗമമായിരുന്നു സാക്ഷ്യമായത്. ചോയ്യംകോട്, നീലേശ്വരം, തൃക്കരിപ്പൂര്‍, വലിയപറമ്പ എന്നീ പ്രചരണ കേന്ദ്രങ്ങളില്‍ സിദ്ദീഖിനായി വോട്ടഭ്യര്‍ത്ഥിച്ചെത്തിയ മുഖ്യമന്ത്രി തന്റെ സ്വതസിദ്ധമായ സംസാരത്തിലൂടെ ജനങ്ങളുടെയും വോട്ടര്‍മാരുടെയും ഹൃദയങ്ങള്‍ കീഴടക്കി. ഒരുദിനത്തിന്റെ പ്രസക്തമായ മുഴുവന്‍ സമയവും ക്ഷീണവും പ്രായവും മറന്ന് യുവത്വത്തിന്റെ പ്രതീകമായി സിദ്ദീഖിനായി വോട്ടഭ്യര്‍ത്ഥിച്ച ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ ഹൃദയത്തിലേറ്റുവാങ്ങിയാണ് വിവിധ കേന്ദ്രങ്ങളിലെ വോട്ടര്‍മാര്‍ മടങ്ങിയത്.

No comments:

Post a Comment