Monday 31 March 2014

മോഡിയുടെ പരാമര്‍ശം സൈന്യത്തിന്റെ ആത്മവിശ്വാസം തകര്‍ക്കാന്‍: എ.കെ ആന്റണി

പാകിസ്താന് പ്രിയപ്പെട്ടത് മൂന്നു എ.കെകളാണെന്ന നരേന്ദ്രമോഡിയുടെ പരാമര്‍ശം സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കുന്ന നടപടിയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി. ഇത് ശത്രുക്കളെ സഹായിക്കുന്ന നടപടിയായിപ്പോയി. ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടി നേതാക്കള്‍ ഇങ്ങനെ പറയാമോ എന്ന് ചിന്തിക്കണമെന്നും ആന്റണി പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്വാളിയോറിന് സമീപം വ്യോമസേന വിമാനം തകര്‍ന്നുണ്ടായ ദുരന്തത്തെക്കുറിച്ച് അന്വേഷണം പൂര്‍ത്തിയായ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ആന്റണി കൂട്ടിച്ചേര്‍ത്തു. ഇത്തരം അപകടങ്ങളുണ്ടാകുമ്പോള്‍ സ്വീകരിക്കുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. അതനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോകും. ആയുധ വ്യാപാരികള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നില്ലെന്നതാണ് തനിക്കെതിരെയുള്ള ആക്ഷേപമെന്നും ആന്റണി വ്യക്തമാക്കി.
അപകടത്തില്‍പ്പെട്ട വിമാനം ചൈനയില്‍ നിന്ന് വാങ്ങിയതാണെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതിരോധവകുപ്പ് ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നതില്‍ സര്‍ക്കാറിന് ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. സൈന്യത്തിന് ആയുധം വാങ്ങുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. യുദ്ധവിമാനം വാങ്ങുന്നതിനും രാജ്യത്തിന് ഒരു നയമുണ്ട്. ഗുണമേന്മയിലടക്കം വിദഗ്ധ സമിതിയുടെ പരിശോധനകള്‍ നടത്തുന്നു. പ്രത്യേക മാനദണ്ഡം അനുസരിച്ച് എന്തെല്ലാം വാങ്ങണമെന്ന് തീരുമാനിക്കുന്നത് സൈന്യമാണ്. ഇതില്‍ സര്‍ക്കാറിനോ ക്യാബിനറ്റ് മന്ത്രിമാര്‍ക്കൊ ഇടപെടാന്‍ കഴിയില്ല.
ആയുധ ഇടപാടിലെ അഴിമതിക്കെതിരെ കഴിഞ്ഞ പത്ത് വര്‍ഷം കര്‍ശന നടപടികളാണെടുത്തത്. ക്രമക്കേട് കണ്ടെത്തിയ ആറ് മള്‍ട്ടിനാഷണല്‍ ആയുധ കമ്പനികളെയാണ് കരിമ്പട്ടികയില്‍പ്പെടുത്തിയത്. അഴിമതി വ്യക്തമായതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതിന്റെ പേരില്‍ സൈന്യത്തിന്റെ ആധുനിക വത്കരണത്തിന് തടസം നില്‍ക്കുന്നുവെന്ന ആക്ഷേപം തനിക്കെതിരെ ഉന്നയിക്കപ്പെട്ടു.
സൈന്യത്തിന്റെ ആധുനിക വത്കരണത്തിന് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയാണ്. നേവിക്ക് ഉള്‍പ്പെടെ ഏറ്റവുമധികം ഉപകരങ്ങള്‍ വാങ്ങിയതും ഇക്കാലയളവില്‍ തന്നെ. സൈന്യത്തില്‍ വണ്‍റാങ്ക് വണ്‍ പെഷന്‍ഷന്‍ നടപ്പാക്കണമെന്ന ആവശ്യം യാതാര്‍ഥ്യമായത് ഇപ്പോഴാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment