Tuesday 25 March 2014

ബി ജെ പി അധികാരത്തിലെത്തിയാല്‍ ഇന്ത്യ കലാപഭൂമിയാവും: വി എം സുധീരന്‍

ദേശീയരാഷ്ട്രീയം പരിശോധിച്ചാല്‍ ബി ജെ പി അധികാരത്തിലെത്തിയാല്‍ അത് ആപത്താണ്. ആര്‍ എസ് എസ് രാഷ്ട്രീയത്തില്‍ സജീവമായി ഇടപ്പെട്ടുകൊണ്ടിരിക്കുന്നു. ബി ജെ പിയുടെ കാര്യങ്ങള്‍ മിക്കതും നിശ്ചയിക്കുന്ന ആര്‍ എസ് എസ് ആണ്. നരേന്ദ്രമോഡി മുഖ്യമന്ത്രിയെന്ന നിലയില്‍ പരാജയമാണ്. ഭരണകൂടത്തെ നിശ്ചലമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മോഡി നേതൃത്വം നല്‍കിയത്. വംശഹത്യയുടെ പേരില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന മോഡിയെ എങ്ങനെയാണ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുക. മോഡിക്ക് വേണ്ടി ബി ജെ പി അദ്വാനിയെയുംമുരളീമനോഹര്‍ ജോഷിയെയും ജസ്വന്ത് സിംഗിനെയും പോലുള്ള തലമുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തിക്കൊണ്ടിരിക്കുകയാണ്. ബി ജെ പി അധികാരത്തിലെത്തിയാല്‍ എല്ലാം തകര്‍ത്തെറിഞ്ഞ് ഇന്ത്യയെ ഒരു കലാപഭൂമിയാക്കുന്ന അവസ്ഥ വരും. അത് അപരിഹാരമായ ആഘാതമാണ്. ഇതിനെയെല്ലാം ചെറുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എ സര്‍ക്കാരിന് മാത്രമെ സാധിക്കു. അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ സി പി എം സ്വീകരിക്കുന്ന ഇന്നത്തെ നിലപാടുകള്‍ പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു ഡി എഫിലെ ഘടകകക്ഷികളെല്ലാം തന്നെ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാല്‍ യുവജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പിന്തുണ കാണാം. പല കാരങ്ങളാലും രാഷ്ട്രീയം നിര്‍ത്തിപ്പോയവരെല്ലാം തന്നെ തിരികെയെത്തുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. യു പി എ നിര്‍ണായകവിജയം നേടണമെന്ന രീതിയിലാണ് എല്ലാ വിഭാഗം ആളുകളും പ്രവര്‍ത്തനരംഗത്ത് സജീവമാകുന്നത്. കേരളത്തില്‍ യു ഡി എഫ് സുനിശ്ചിതമായ വിജയം ഉറപ്പിച്ചുകഴിഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കാള്‍ സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വസ്തുതകള്‍ മറച്ചുവെച്ച് സി പി എം ആശങ്കപരത്തുകയാണ്. കര്‍ഷകര്‍ തിങ്ങിനിറഞ്ഞ മലയോര മേഖല എന്നും യു ഡി എഫിനൊപ്പമാണ്. അത് കൊണ്ട് തന്നെ അവരുടെ സുരക്ഷ ഉറപ്പുവരുത്തുകയെന്നത് യു ഡി എഫ് സര്‍ക്കാരിന്റെ ബാധ്യതയാണ്. ഹരിത ട്രൈബ്യൂണല്‍ കേരളത്തിനെതിരെ യാതൊരു ആക്ഷേപവും ഉന്നയിച്ചിട്ടില്ല.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സമരം നടത്തിയവരെല്ലാം തന്നെ പിന്മാറി കഴിഞ്ഞു. എന്നാല്‍ സി പി എം ഇന്ന് സ്വീകരിക്കുന്ന നിലപാട് കാളപെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന രീതിയിലാണ്. ഈ രാഷ്ട്രീപാപ്പരത്തം ജനങ്ങള്‍ തിരിച്ചറിയും. പരിസ്ഥിതി ലോലമേഖലയില്‍ നിന്നും ഒഴിവാക്കിയ മേഖലകളെ യാതൊരുവിധത്തില്‍ ബാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

No comments:

Post a Comment