Monday 31 March 2014

വേതനം മുടക്കാന്‍ പരാതി നല്‍കിയ വി എസിന്റെ നടപടി തൊഴിലാളിദ്രോഹം: മന്ത്രി കെ സി ജോസഫ്

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍പ്പെട്ട പാവപ്പെട്ട തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കുടിശിക പഞ്ചായത്ത് ഫണ്ടില്‍ നിന്നും വകമാറ്റി നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത് തൊഴിലാളിദ്രോഹനടപടിയാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് പറഞ്ഞു.
പഞ്ചായത്തുകളുടെ റോഡ് മെയിന്റനന്‍സ് ഫണ്ട് ചെലവാക്കാതെ കിടക്കുന്നുണ്ട്. ഈ തുക തല്‍ക്കാലം വായ്പയായാണ് എടുക്കുന്നത്. കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള 428 കോടി രൂപ കിട്ടിയാലുടനെ തുക തിരിച്ച് നല്‍കുകയും ചെയ്യും. തൊഴിലുറപ്പ് പദ്ധതിയില്‍പെട്ട പാവപ്പെട്ട തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തെ കുടിശികയായി 428 കോടി രൂപയാണ് നല്‍കാനുള്ളത്. ഈ തുക കേന്ദ്രത്തില്‍ നിന്നും കിട്ടാന്‍ വൈകിയതാണ് കുടിശിക വരാന്‍ കാരണം.
തുക ലഭ്യമാക്കാന്‍ കേന്ദ്രത്തിന് കത്ത് എഴുതിയിട്ടുണ്ട്. താമസിയാതെ കിട്ടുമെന്നാണ് പ്രതീക്ഷ. ആ തുക കിട്ടിയാലുടന്‍ പഞ്ചായത്തുകള്‍ക്ക് തിരിച്ച് നല്‍കുകയും ചെയ്യും.പഞ്ചായത്തുകളോട് ഫണ്ട് നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സി പി എം നേതാക്കള്‍ പഞ്ചായത്തുകളോട് ഫണ്ട് വകമാറ്റി കൊടുക്കരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തീരുമാനം തൊഴിലാളികള്‍ക്ക് വേണ്ടി പോരാടുന്ന പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സി പി എമ്മിന്റെ കപടമുഖമാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ട തൊഴിലാളികളുടെ പിച്ച ചട്ടിയില്‍ മണ്ണിടാനാണ് സി പി എം ശ്രമിക്കുന്നത്. തൊഴിലെടുത്തതിനുള്ള കൂലി കൊടുക്കാന്‍ ശ്രമിക്കുന്നതാണ് ഇവര്‍ തടയാന്‍ ശ്രമിക്കുന്നത്. ഈ നീക്കം തൊഴിലാളികളെ ദ്രോഹിക്കാന്‍ വേണ്ടിമാത്രമാണ്.ജോലിയെടുത്താല്‍ കൂലികൊടുക്കേണ്ടേ. ചട്ടലംഘനത്തിന്റെ പേര് പറഞ്ഞ് മൂക്ക് മുറിച്ച് ശകുനം മുടക്കാനാണ് സി പി എം ശ്രമിക്കുന്നത് -മന്ത്രി പറഞ്ഞു.
കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ട നേതാവാണ് വി എസ്. പാര്‍ട്ടി പദവി ഉറപ്പിക്കാന്‍ വ്യക്തിപരമായി സ്വന്തം താല്‍പര്യം സംരക്ഷിക്കാന്‍ സ്വന്തം പാര്‍ട്ടിയുടെ ചങ്കില്‍ കുത്താന്‍ മടിയില്ലാത്ത നേതാവാണ് വി എസ്. ഇക്കാര്യം ജനങ്ങള്‍ക്ക് നന്നായി അറിയാം. നേരത്തെ എടുത്ത നിലപാടില്‍ മലക്കം മറിയാന്‍ എന്താണ് കാരണമെന്ന് ജനം മനസിലാക്കി കഴിഞ്ഞു. ഒരു നയവും ഇല്ലാത്ത കൂടെ നിന്നവരെ പോലും തള്ളിപറയാന്‍ മടിക്കാത്ത നേതാവാണ് വി എസെന്നും മന്ത്രി പറഞ്ഞു.

No comments:

Post a Comment