Monday 17 March 2014

കേരളത്തിലെ സി.പി.എമ്മിന് ശനിദശ ബാധിച്ചിരിക്കുനെന്ന്: രമേശ് ചെന്നിത്തല


തൃശൂര്‍: കേരളത്തിലെ സി.പി.എമ്മിന് ശനിദശ ബാധിച്ചിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പുകളിലൊന്നും സി.പി.എമ്മിന് വിജയിക്കാന്‍ സാധിച്ചില്ല. രണ്ടര വര്‍ഷം കൂടി സി.പി.എമ്മിന് ശനിദശ തന്നെയായിരിക്കും. ഈ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് പൂര്‍ണ്ണവിജയം നേടും. സി.പി.എമ്മിന്റെ പ്രവര്‍ത്തനരീതികളാണ് അവരുടെ തുടര്‍ച്ചയായ പരാജയത്തിന് കാരണം. പ്രവര്‍ത്തകരുണ്ടെങ്കിലും ഒപ്പം  ജനങ്ങളില്ലാത്താണ് സി.പി.എമ്മിന്റെ തുടര്‍ച്ചയായ പരാജയത്തിന് കാരണം. കൊലയാളികളുടെ പാര്‍ട്ടിയായി സി.പി.എം അധ:പതിച്ചു. അവരുടെ കൊലപാതക രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ ഇരയാണ് പെരിഞ്ഞനത്ത് കൊല്ലപ്പെട്ട നവാസ്. ആളുമാറിയാണ് കൊലപ്പെടുത്തിയതെങ്കിലും ടി.പി വധത്തിന് സമാനമാണ് പെരിഞ്ഞനം കൊലപാതകവും. 51 വെട്ടുകള്‍ക്ക് ടി.പിയെ കൊന്ന സി.പി.എം നവാസിനെ 18 വെട്ടുകള്‍ക്കാണ് കൊന്നത്.
നവാസിന്റെ കൊലപാതകത്തിന് അറസ്റ്റിലായ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് നിയമസഹായം നല്‍കുമെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന. എത്ര വലിയ കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ചെന്നിത്തല ഉറപ്പ് നല്‍കി. ടി.പി വധക്കേസിലെ പ്രതികളുടെ ക്ഷേമം അന്വേഷിക്കാന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് തീര്‍ത്ഥാടനം നടത്തുകയാണ്. മാന്യനെന്ന് പൊതുവേ ധരിച്ചിരുന്ന മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ന്‍ എം.എല്‍.എയും ഈ സംഘത്തിലുണ്ടായി എന്നത് അത്ഭുതാജനകമാണ്. ടി.പി വധക്കേസിലെ പ്രതികളെ കാണാന്‍ സി.പി.എം. എം.എല്‍.എമാര്‍ ജയിലിലെത്തിയതിന് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ അധികം വൈകാതെ പുറത്തുവരും. കേരളത്തിന്റെ സമാധാനജീവിതത്തിന് ആപത്തായ സി.പി.എമ്മിന് വോട്ട് ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാവില്ല. മുന്നണിയിലെ ഘടകക്ഷികളെ സി.പി.എം ഗളഹസ്തം ചെയ്യുന്ന കാഴ്ച്ചയാണ് നാം കാണുന്നത്.
എല്‍.ഡി.എഫിന് അഞ്ച് സീറ്റുകളില്‍ പേയ്‌മെന്റ് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടും അതിന് മറുപടി പറയാന്‍ അവര്‍ തയ്യാറായിട്ടില്ല. എറണാകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് എറണാകുളത്ത് ആകെ അറിയുന്നത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രൊഫ.കെ.വി തോമസിനെ മാത്രമാണെന്ന് ഒരു ഇടതുപക്ഷനേതാവ് തന്നോടു പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.  ഇന്ത്യയിലെ മതേതര ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള തെരഞ്ഞെടുപ്പാണ് 16-ം ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യ എന്നും നെഞ്ചോടുചേര്‍ത്തുവെച്ച മതേരമൂല്യങ്ങളുടെ കടുത്ത ശത്രുവായ നരേന്ദ്രമോഡിയെയാണ് കുത്തക മുതലാളിമാരും കോര്‍പ്പറേറ്റുകളും അവര്‍ നിയന്ത്രിക്കുന്ന ചില മാധ്യമങ്ങളും ചേര്‍ന്ന് ഉയര്‍ത്തിക്കാട്ടുന്നത്. വംശീയ കലാപത്തിലൂടെ നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ നരേന്ദ്രമോഡിക്ക് ഇന്ത്യന്‍ ജനത മാപ്പുനല്‍കില്ല. അതുകൊണ്ടുതന്നെ മോഡി ഊതിവീര്‍പ്പിച്ച ബലൂണാണ്.
മതേതര ജനാധിപത്യ മുന്നേറ്റങ്ങള്‍ തടയാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്ന് ചെന്നിത്തല ആഹ്വാനം ചെയ്തു. 1977ല്‍ പാര്‍ലമെന്റിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 20ല്‍ 20 സീറ്റും നേടിയ ചരിത്രം ആവര്‍ത്തിക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. കേരളരാഷ്ട്രീയത്തില്‍ ഇന്ന് ഉരുത്തിരിയുന്ന രാഷ്ട്രീയം യു.ഡി.എഫിന് അനൂകൂലമാണ്. സംസ്ഥാന സര്‍ക്കാരിന്റെ  കൂടി വിലയിരുത്തുന്ന തെരഞ്ഞെടുപ്പായിരിക്കും നടക്കുകയെന്നും ചെന്നിത്തല പറഞ്ഞു.

No comments:

Post a Comment