Saturday 22 March 2014

കേരളത്തില്‍ സി.പി.എം വിരുദ്ധവികാരം ആഞ്ഞടിക്കുന്നു:രമേശ്‌ ചെന്നിത്തല

സംസ്ഥാനത്ത് സി.പി.എം വിരുദ്ധവികാരം ആഞ്ഞടിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഭരിക്കുന്ന കക്ഷിക്ക് എതിരെ ജനവികാരം ഉണ്ടാകുന്നത് സ്വാഭാവികമാണ്. യു.പി.എ ഗവന്മെന്റ് രണ്ട് ടേം പൂര്‍ത്തിയാക്കി. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലായിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. സ്വാഭാവികമായും ഭരണത്തിനെതിരെ അല്പമൊക്കെ രോഷപ്രകടനം ഉണ്ടാകേണ്ടതാണ്. പക്ഷേ സംസ്ഥാനത്ത് സി.പി.എമ്മിനെതിരെയാണ് ജനം തിരിഞ്ഞിരിക്കുന്നത്. രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ പതിനാറും യു.ഡി.എഫ് നേടി. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും വന്‍വിജയംനേടി. അതിനുശേഷം ഉണ്ടായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി. നെയ്യാറ്റിന്‍കരയും, പിറവത്തും നടന്ന ഉപതെരഞ്ഞെടുപ്പുകളും വിജയിച്ചു. ഇപ്പോള്‍ യു.ഡി.എഫ് അനുകൂല തരംഗമാണ് സംസ്ഥാനത്തുള്ളതെന്ന് രമേശ് നിരീക്ഷിച്ചു.
ഇടതുമുന്നണിയില്‍ ഒരു കക്ഷിയ്ക്കും നിലനില്‍ക്കാനാവില്ല. ആദ്യം പി.സി. ജോര്‍ജ്ജ് പോയി. പിന്നാലെ പി.ജെ ജോസഫിന്റെ ഊഴമായിരുന്നു. ജനതാദളില്‍ വീരേന്ദ്രകുമാറും സംഘവും പോയി. കൂടെ നില്‍ക്കുന്ന കക്ഷികളെ കൊന്നുതിന്നുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നത്.
ആര്‍.എസ്.പി. ക്കെതിരെ തെറ്റായ പ്രചരണമാണ് അവര്‍ നടത്തുന്നത്. സി.പി.എമ്മിന്റെ അപമാനം സഹികെട്ടപ്പോഴാണ് അവര്‍ മുന്നണി വിട്ടത്. നേരത്തെ തയ്യാറാക്കിയ നാടകം എന്ന് ആര്‍.എസ്.പി തീരുമാനത്തെ വിമര്‍ശിക്കുന്നുണ്ട്. അത് തെറ്റാണ്. തികച്ചും യാദൃശ്ചികമാണ് നടപടി. ആത്മാഭിമാനം ഉള്ള പാര്‍ട്ടി എന്ന നിലയില്‍ ആര്‍.എസ്.പി. ശക്തമായ ഒരു നിലപാട് എടുത്തു എന്നേയുള്ളൂ. ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സി.പി.എം ന്റെ ദേശീയ പാര്‍ട്ടി എന്ന പദവി നഷ്ടമാകും.
അച്യുതാനന്ദന്‍ കേരള രാഷ്ട്രീയത്തിലെ ഒരു ഉടഞ്ഞ വിഗ്രഹമായി മാറിക്കഴിഞ്ഞു എന്ന് രമേശ് പരിഹസിച്ചു. അദ്ദേഹം ഒപ്പം ചേര്‍ന്നവരെ വഞ്ചിച്ചു. പഴയ നിലപാടുകള്‍ പ്രതിപക്ഷ നേതൃസ്ഥാനം നിലനിര്‍ത്താന്‍ വേണ്ടി വിഴുങ്ങി. അദ്ദേഹത്തിന്റെ ഒരു വലിയ പതനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇനി ആര് അദ്ദേഹത്തെ വിശ്വസിക്കും.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൊലപാതക രാഷ്ട്രീയം അവസാനിച്ചു എന്നത് മിഥ്യയാണ്. പെരിഞ്ഞനത്ത് ഒരു പാവത്തെ അവര്‍ കൊല്ലിച്ചിരിക്കുകയാണ്. ഇടതുമുന്നണിക്ക് ഇക്കുറി അഞ്ചുപേയ്‌മെന്റ് സീറ്റുകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടെന്ന് പറഞ്ഞത് മാധ്യമങ്ങളാണ്. ഞങ്ങളല്ല. മാധ്യമങ്ങള്‍ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു. കാശുമുടക്കിയതും വാങ്ങിയതും ആരാണെന്ന് അറിയില്ല.

No comments:

Post a Comment