Thursday 3 April 2014

തീരദേശ വിഷയത്തില്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ അനാസ്ഥ കാട്ടി : മുഖ്യമന്ത്രി

കസ്തൂരി രംഗന്‍ പ്രശ്‌നത്തില്‍ മലയോര കര്‍ഷകര്‍ക്കുണ്ടായ ആശങ്കകള്‍ ദുരീകരിച്ചത് പോലെ കോസ്റ്റല്‍ റഗുലേറ്ററി സോണ്‍ വിജ്ഞാപനത്തിന്മേല്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള എല്ലാ ആശങ്കകളും മാറ്റുമെന്ന് മുഖ്യമന്ത്രി തീരദേശവാസികള്‍ക്ക് ഉറപ്പ് നല്‍കി.
യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വാടി കടപ്പുറത്ത് സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
സി.ആര്‍.ഇസഡ് വിജ്ഞാനപത്തെക്കുറിച്ച് സംസ്ഥാന ഗവണ്‍മെന്റിന്റെ അഭിപ്രായം ചോദിച്ച് കേന്ദ്രം കത്തെഴുതിയത് 2010 ലാണ്. മൂന്നുപ്രാവശ്യം കത്തെഴുതി. അന്നത്തെ ഗവണ്‍മെന്റ് ഒരു മറുപടിയും നല്‍കിയില്ല. ഒരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല. കേരളത്തിന്റെ അഭിപ്രായം ഇല്ലാതെ ഏകപക്ഷീയമായാണ് വിജ്ഞാപനം ഇറങ്ങിയത്.
സിആര്‍ഇസഡ് റൂള്‍ പ്രായോഗിക തലത്തില്‍ തീരവാസികള്‍ക്ക് ഒട്ടേറെ ബുദ്ധിമുട്ടികള്‍ ഉണ്ടാകുന്നുണ്ട്. അടിയന്തിരമായി ഇക്കാര്യത്തില്‍ മാറ്റം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ഇളവുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അത് അംഗീകരിപ്പിക്കും.
മത്സ്യമേഖലക്ക് കേന്ദ്രത്തില്‍ പ്രത്യേക വകുപ്പ് ഉണ്ടായിരുന്നില്ല. കൃഷി വകുപ്പിന്റെ ഭാഗമായാണ് അത് പ്രവര്‍ത്തിച്ചിരുന്നത്. കോണ്‍ഗ്രസ് മാനിഫെസ്റ്റോയില്‍ പ്രത്യേക വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രാണവായു പോലെയാണ് ഇന്ത്യക്ക് മതേതരത്വം. ബിജെപി അധികാരത്തില്‍ വന്നാല്‍ അത് തകരും. ഇന്ത്യന്‍ സംസ്‌കാരത്തിനും പാരമ്പര്യത്തിനും നിരക്കുന്നതല്ല ബിജെപിയുടെ നീക്കങ്ങളെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
കൊല്ലത്ത് പ്രേമചന്ദ്രന്റെ വിജയം ആര്‍എസ്പി സ്വീകരിച്ച രാഷ്ട്രീയ നിലപാടിന് ലഭിക്കുന്ന അംഗീകാരമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment