Tuesday 1 April 2014

കോടിയേരി എന്തൊക്കെയോ ഒളിക്കുന്നുവെന്ന് തിരുവഞ്ചൂര്‍

കോടിയേരി ബാലകൃഷ്ണനും കേരള ഹൈക്കോടതി ജഡ്ജി ഹാറൂണ്‍ അല്‍ റഷീദും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലെ വൈരുദ്ധ്യങ്ങള്‍ വ്യക്തമാക്കാന്‍ കോടിയേരി തയാറാകണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിനെ ഡല്‍ഹിയില്‍ കേരളാ ഹൗസിലെത്തി സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്‍ കണ്ടത് സംശയാസ്പദമാണ.് കോട്ടയം പ്രസ്‌ക്ലബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. സാധാരണ ഗതിയില്‍ പ്രശ്‌നമില്ലാതെ പോകേണ്ട കാര്യമാണിതെന്നും പ്രശ്‌നമാക്കിയത് കോടിയേരിതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളില്‍ നിന്നും എന്തോ മറച്ചുവയ്ക്കുകയാണ് കോടിയേരി.
എന്തിന് ജഡ്ജിയെ മുള്‍മുനയിലാക്കി. വിശദീകരണം നല്കുവാന്‍ കോടിയേരി ബാലകൃഷ്ണന് ബാധ്യതയുണ്ട്. തിരുവഞ്ചൂര് പറഞ്ഞു. ഇവര്‍ തമ്മില്‍ കാണാനുള്ള പല സാഹചര്യങ്ങളും കേരളത്തിലുണ്ട്. പിന്നെ എന്തിനാണ് ഡല്‍ഹിയില്‍ പോയി കണ്ടത്. ഫെബ്രുവരി 28നാണ് കോടിയേരി ജസ്റ്റീസ് ഹാറൂണിനെ കണ്ടത്. മെയ് 25നാണ് ഹാറൂണിന്റെ മകളുടെ വിവാഹം. അതിന് ക്ഷണക്കത്തു വാങ്ങാനാണ് താന്‍ ജസ്റ്റീസിന്റെ മുറിയില്‍ എത്തിയതെന്നാണ് കോടിയേരിയുടെ വിശദീകരണം.
എന്നാല്‍ മാധ്യമങ്ങളില്‍ ഇരുവരും കൂടിയുളള ചിത്രങ്ങളില്‍ ഇരുവരുടേയും കൈകളില്‍ കല്യാണക്കുറി കാണാനില്ല. 85 ദിവസം കഴിഞ്ഞുനടക്കുന്ന കല്ല്യാണത്തിന് ഇത്ര നേരത്തെ ക്ഷണിച്ചോ? അതും ഡല്‍ഹിയില്‍ വച്ച്? കാഞ്ഞിരപ്പള്ളിയിലും തലശേരിയിലുമുള്ള ഇരുവര്‍ക്കും ഇവിടെവച്ച് കല്യാണം ക്ഷണിക്കാമായിരുന്നിട്ടും എന്തിന് കേരളാ ഹൗസിലെത്തി വിവാഹം ക്ഷണിച്ചു. അന്‍പത് കിലോമീറ്റര്‍ സഞ്ചരിച്ചാലും ഇരുവര്‍ക്കും കാണാവുന്നതേയുള്ളു. ജനങ്ങളിലുണ്ടായിട്ടുള്ള സംശയങ്ങള്‍ ദുരീകരിക്കേണ്ടത് കോടിയേറിതന്നെയാണെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി.
അന്ന് കേരളാ ഹൗസിലുണ്ടായിരുന്ന പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനേയും പിണറായി വിജയനേയും അദ്ദേഹം വിവാഹത്തിന് ക്ഷണിച്ചില്ലല്ലോയെന്നും തിരുവഞ്ചൂര്‍ കൂട്ടിചേര്‍ത്തു. ടി.പി.വധക്കേസില്‍ പ്രാഥമിക അന്വേഷണംപോലും നടത്താതെ കേസ് ഏറ്റെടുക്കില്ലെന്നു പറയുവാന്‍ സി.ബി.ഐ.ക്ക് കഴിയില്ലെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഇത് കുറ്റക്കാരെ സഹായിക്കുവാനേ കഴിയു. കേരളാ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ടി.പി.വധക്കേസ് അന്വേഷിക്കുവാന്‍ സി.ബി.ഐ.യോട് ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞാല്‍ കേസ് സി.ബി.ഐ. ഏറ്റെടുത്തേ പറ്റു. അന്വേഷിക്കുവാന്‍ പറ്റില്ലെന്നു പറയുവാന്‍ അവര്‍ക്ക് സാധിക്കുകയില്ല. ടി.പി.വധക്കേസില്‍ 136 പ്രതികളെ അറസ്റ്റ്‌ചെയ്തു. ഏഴു പേര്‍ കുറ്റം ചെയ്തവര്‍. ഗൂഢാലോചന നടത്തിയവരും പ്രതികളെ രക്ഷിക്കുവാന്‍ ശ്രമിച്ചവരുമാണ് മറ്റുള്ളവര്‍. എല്ലാവര്‍ക്കും കുറ്റപത്രം നല്കി. മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡിലയച്ചിരുന്നു. യാതൊരു മുന്‍വിധികളുമില്ലാതെയാണ് കാര്യങ്ങള്‍ നീങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

No comments:

Post a Comment