Tuesday 1 April 2014

യാഥാര്‍ത്ഥ മുഖം തെറ്റായ പ്രചരണത്തിലൂടെ ഒളിപ്പിക്കാനുള്ള ബി.ജെ.പി ശ്രമം രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിയും:സോണിയഗാന്ധി

പ്രധാനമന്ത്രി കസേരയ്ക്ക് വേണ്ടി തെറ്റായ വിവരങ്ങള്‍ നിരത്തി ബി.ജെ.പി രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി. കുലീനമായ ഹൃദയവും സമര്‍പ്പിത ജീവിത പാരമ്പര്യവുമുള്ള വ്യക്തിക്കു മാത്രമേ രാഷ്ട്രനിര്‍മ്മാണം നടത്താന്‍ കഴിയൂവെന്നും അവര്‍ പറഞ്ഞു. ഹരിയാനയിലെ മേവത്തില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സോണിയ.
രാജ്യത്തെയും ജനങ്ങളേയും തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് ബി.ജെ.പിക്കാര്‍. ഇത്തരത്തില്‍ വെറുപ്പിന്റെ പ്രത്യേയശാസ്ത്രം മനസ്സില്‍ പേറുന്നവര്‍ക്ക് ഒരിക്കലും രാഷ്ട്ര നിര്‍മ്മാണം നടത്താന്‍ സാധിക്കില്ല. പ്രധാനമന്ത്രി കസേര മാത്രമാണ് ബി.ജെ.പിക്ക് മുമ്പിലുള്ളത്. ഇതിനു വേണ്ടി തെറ്റായ വിവരങ്ങള്‍ നല്‍കി രാജ്യത്തെ ജനങ്ങളെ പറ്റിക്കാനാണ് അവരുടെ ശ്രമം.-സോണിയ ചൂണ്ടിക്കാട്ടി.
ചരിത്രവും കോണ്‍ഗ്രസ് ചെയ്ത പ്രവര്‍ത്തനങ്ങളും രാജ്യത്തെ ജനങ്ങള്‍ക്ക് മുമ്പിലുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പും സ്വതന്ത്രാനന്തരവും കോണ്‍ഗ്രസ് ചെയ്ത പ്രവര്‍ത്തനങ്ങളെ ആര്‍ക്കും അവഗണിക്കാന്‍ കഴിയുന്നതല്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ വലിയ വാഗ്ദനങ്ങളും മുതലക്കണ്ണീരുമായി ബി.ജെ.പി രംഗത്തെത്തിയിരിക്കുകയാണ്. വലിയ പ്രചരണ ബലൂണുകള്‍ സൃഷ്ടിച്ച് വലിയ വായില്‍ സംസാരിക്കുകയുമാണ് അവര്‍. യഥാര്‍ത്ഥമുഖം തെറ്റായ പ്രചരണത്തിലൂടെ ഒളിപ്പിക്കാനുള്ള ഇത്തരം ശ്രമം ജനങ്ങള്‍ തിരിച്ചറിയും.
ജനങ്ങളെ ഒരുമിപ്പിക്കുന്ന തത്വശാസ്ത്രങ്ങള്‍ക്കും, ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ളതാണ് ഈ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പോരാട്ടം. രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങളും സമ്പന്നമായ പൈതൃകവും, ഐക്യവും, വൈവിധ്യങ്ങളും സംരക്ഷിച്ചു നിര്‍ത്തേണ്ടതുണ്ട്. ജനങ്ങളെ തമ്മില്‍ അടിപ്പിക്കുന്നതല്ല കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രം.
അതുകൊണ്ടുതന്നെ രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിക്കുന്ന ആശയത്തെ സംരക്ഷിക്കുന്നതിനു വേണ്ടി പാര്‍ട്ടി പോരാടും. മത,ജാതി, വര്‍ഗ്ഗ, വര്‍ണ്ണങ്ങള്‍ക്ക് അതീതമായി എല്ലാവരേയും ഒന്നായി കാണുന്ന ഇന്ത്യയാണ് ഏതൊരു ഭാരതീയനും ആഗ്രഹിക്കുന്നത്. രാജ്യത്തെ ഓരോ പൗരനും ഇന്ത്യാക്കാരനാണെന്ന തോന്നലുണ്ടാകുന്ന തരത്തില്‍ മതേതര ഇന്ത്യയാണ് കെട്ടിപ്പടുക്കേണ്ടത്. മറിച്ച് ചിലര്‍ക്ക് മാത്രമായുള്ള ഇന്ത്യയാകരുത്. എല്ലാവര്‍ക്കും തുല്യ അവകാശങ്ങളായിരിക്കണമെന്നും സോണിയ പറഞ്ഞു.

No comments:

Post a Comment