Thursday 3 April 2014

സി പി എമ്മിന്റെ അമിതാഹ്ലാദം ടി പി കൊലയില്‍ പങ്കുള്ളതിന് തെളിവ്: എ കെ ആന്റണി

ടി പി കേസില്‍ തത്ക്കാലം സി ബി ഐ അന്വേഷണമില്ലെന്ന് കേട്ടപ്പോള്‍ സി പി എമ്മിനുണ്ടായ അമിത ആഹ്ലാദ പ്രകടനം തന്നെ അവര്‍ക്ക് ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്നതിന് തെളിവാണെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി. കേസ് സി ബി ഐ ഏറ്റെടുക്കില്ലെന്നറിഞ്ഞപ്പോള്‍ വിഷുവിനും പള്ളിപ്പെരുന്നാളിനും പടക്കം പൊട്ടിച്ച് ആഹ്ലാദിക്കും പോലെയാണ് സി പി എം പ്രതികരിച്ചത്. ഈ സ്വാഭാവിക പ്രതികരണം പാര്‍ട്ടിയുടെ പങ്ക് വ്യക്തമാക്കുന്നു. ഇതു മാത്രം മതി പ്രതികളെ കണ്ടെത്താന്‍. ഇനി അരി ആഹാരം കഴിക്കുന്നവര്‍ തീരുമാനിക്കട്ടെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സി ബി ഐ അന്വേഷിച്ചാല്‍ കേസ് തെളിയിക്കപ്പെടും എന്നുള്ളതുകൊണ്ടാണ് ആദ്യം മുതല്‍ സി പി എം എതിര്‍ത്തത്. ഇതുവരെ അവര്‍ ഭയപ്പാടിന്റെ അന്തരീക്ഷത്തിലായിരുന്നു. ഇപ്പോള്‍ പൊട്ടിച്ചിരിക്കുകയാണ്. ടി പി കൊലപാതകം സി പി എം നേതൃത്വം അറിഞ്ഞു കൊണ്ടാണ് നടന്നത് എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് സാഹചര്യ തെളിവാണ് വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. അമിതമായി ആഹ്ലാദിക്കാന്‍ വരട്ടെ, ഒന്നിനും അവസാന വാക്കായിട്ടില്ല. എത്ര മൂടിവച്ചാലും സത്യം പുറത്തു വരും. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് ആന്റണി വ്യക്തമാക്കി.
കേരളത്തില്‍ ഏറ്റവും മൂര്‍ച്ചയേറിയ പ്രതികരണ ശേഷി ഉണ്ടെന്ന് കരുതപ്പെടുന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ നിലപാട് ഇക്കാര്യത്തില്‍ അറിയാന്‍ ആഗ്രമുണ്ട്. കേസ് സി ബി ഐ അന്വേഷിക്കണമെന്ന സര്‍ക്കാര്‍ നിലപാടിന് കരുത്തു നില്‍കിയത് വി എസ് അയച്ച കത്താണ്. ആ പഴയ നിലപാടില്‍ വി എസ് ഉറച്ചു നില്‍ക്കുന്നുണ്ടോ എന്നറിയാന്‍ ആഗ്രമുണ്ട്. അന്വേഷണം ഏറ്റെടുക്കില്ലെന്ന് അറിഞ്ഞപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ സി ബി ഐക്കു വീണ്ടും കത്തയച്ചു. അതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും കത്തെഴുതാന്‍ വി എസ് തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.

No comments:

Post a Comment